ചരിത്രം
ഈ പഞ്ചായത്തിന്റെ പേര്‍ തഴക്കരയെന്ന പേരുമായി ബന്ധപ്പെട്ടു നിരവധി ഐതീഹ്യങ്ങള്‍ കേള്‍ക്കുന്നുണ്ട്. മഹാബലി തമ്പുരാന്റെ രാജഭരണകാലത്ത് അദ്ദേഹത്തിന്റെ ആസ്ഥാനമായിരുന്ന മഹാബലിക്കരയോട് ചേര്‍ന്നുകിടന്ന പ്രദേശങ്ങളില്‍ അദ്ദേഹത്തിന് ഏറെ പ്രിയമുണ്ടായിരുന്ന പ്രദേശമെന്ന നിലയില്‍ ‘തലക്കര’ എന്നു പരിഗണിച്ചിരുന്ന പ്രദേശമാണ് പില്‍ക്കാലത്ത് തഴക്കരയെന്നറിയപ്പെടുന്നത് എന്നു കരുതുന്നവര്‍ ഏറെയുണ്ട്. കൂടാതെ ഇടപ്പളളി സ്വരൂപം ഈ പ്രദേശമാകെ വാണരുളിയ കാലത്ത് സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും കലാപരമായും മുന്നില്‍ നിന്ന പ്രദേശമെന്ന നിലയില്‍ തലക്കരയായി കണ്ടിരുന്ന പ്രദേശമാണ് പിന്നീട് തഴക്കരയായത്. ചേരമാന്‍ പെരുമാളിന്റെ കാലത്ത് കരകൌശലത്തൊഴിലുമായി ബന്ധപ്പെട്ട് ഒരു സംഘമാളുകള്‍ ഈ പ്രദേശത്ത് വന്ന് താമസം ഉറപ്പിച്ചിരുന്നു വെന്നും കൈത ഓലകള്‍ ഉണക്കി മനോഹരമായ അലങ്കാര വസ്തുക്കള്‍ നെയ്ത് ഉണ്ടാക്കി ചേരമാന്‍ പെരുമാളിന്റെ നാട്ടില്‍ കൊണ്ടുപോയിരുന്നുവെന്നും അന്ന് ഈ പ്രദേശമാകെ കൈത പ്രത്യേകമായി നട്ടുവളര്‍ത്തിയിരുന്നു വെന്നും ഉണങ്ങിയ കൈത ഓലയെ തഴയെന്നാണ് പറഞ്ഞിരുന്നതെന്നും ആ കാലം മുതലാണ് ഈ പ്രദേശത്തെ തഴക്കരയെന്ന് വിളക്കുന്നതെന്നും കരുതുന്നവരുണ്ട്. പഞ്ചായത്ത് പ്രദേശത്ത് രണ്ടു റവന്യൂ വില്ലേജുകളുണ്ട്. തഴക്കര, വെട്ടിയാര്‍ എന്നിവയാണ് ഈ വില്ലേജുകള്‍. വെണ്‍മണി ഇല്ലത്ത് മേപ്പുറത്ത് ഇന്നുള്ള പ്രാഥമിക ആരോഗ്യകേന്ദ്രം നില്‍ക്കുന്ന ഭാഗത്തെ വരട്ടാറ് എന്നറിയപ്പെടുന്ന നീരൊഴുക്ക് പ്രദേശം പണ്ട് അച്ചന്‍കോവിലാറ് ഒഴുകിയിരുന്ന പ്രദേശമായിരുന്നു. അന്നത്തെ സന്നദ്ധ തല്പരതയുള്ള കര്‍ഷകര്‍ സംഘടിതമായി പണിയായുധങ്ങളുമായി ഇറങ്ങി അച്ചന്‍കോവിലാറിന്റെ ഗതിവെട്ടിമാറ്റി. കാര്‍ഷിക-കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ജലലഭ്യത ഉണ്ടാക്കുവാന്‍ നടത്തിയ കഠിനാദ്ധ്വാനത്തിന്റെ ഫലമായിട്ടാണ് അച്ചന്‍കോവിലാറ് ഈ പ്രദേശത്തുകൂടി ഒഴുകുന്നതെന്നും അന്നുമുതലാണ് ഈ പഞ്ചായത്ത് പ്രദേശത്തിന്റെ കിഴക്കുള്ള ഭൂപ്രദേശത്തെ വെട്ടിയാര്‍ എന്നറിയപ്പെടുന്നതെന്നും കരുതുന്നു. മനുഷ്യാദ്ധ്വാനത്തിന്റെയും സംഘം ചേരലിന്റെയും പാരമ്പര്യമാണ് വെട്ടിയാറിനുള്ളത്. കാലാകാലത്ത് രാജഭരണം നടത്തിക്കൊണ്ടിരുന്ന തമ്പൂരാക്കന്മാര്‍ അവരുടെ വേനല്‍ക്കാല വസതിയായി ഉപയോഗിച്ചിരുന്ന ബംഗ്ളാവാണ് ഇന്നു കൊച്ചാലുംമൂട് ജംഗ്ഷനില്‍ ഇലക്ട്രിസിറ്റി ഓഫീസായി ഉപയോഗിക്കുന്ന പഴയ കെട്ടിടം. ‘പൊയ്കയില്‍ കുളം’ തമ്പുരാക്കന്മാര്‍ നീരാട്ടിനുപയോഗിച്ചിരുന്ന കുളമാണെന്ന് കരുതുന്നു. ശബരിമലയുമായി ബന്ധപ്പെട്ടുള്ള ‘പേട്ടമേല്‍’ കടവാണ് ഇന്ന് പൊറ്റമേല്‍ കടവായി അറിയപ്പെടുന്നത്. ഈ കടവിന് പടിഞ്ഞാറ് മാറിയുള്ള പ്രശസ്തവും വിശാലവുമായ മണല്‍പ്പുറം പുരാതനകാലത്തെ ശബരിമല തീര്‍ത്ഥാടകരുടെ വിശ്രമ കേന്ദ്രമായിരുന്നു. തഴക്കര വാര്‍ഡിലെ സുബ്രഹ്മണ്യ ക്ഷേത്രവും വഴുവാടിയിലെ പനയന്നാറുകാവ് ക്ഷേത്രവും കുന്നത്തെ ധര്‍മ്മശാസ്താ ക്ഷേത്രവും ഇറവങ്കരയിലെ തലേര്‍ക്കാവില്‍ ക്ഷേത്രവും വെട്ടിയാര്‍ പള്ളിയറകാവു ക്ഷേത്രവും രാമല്ലൂര്‍ ക്ഷേത്രവും അറുനൂറ്റിമംഗലത്തെ ഇരുത്തിക്കാവ് ക്ഷേത്രവും വെട്ടിയാറ്റെ കണ്ടാളന്‍ കാവ് ക്ഷേത്രവും പ്രസിദ്ധമായ വഴുവാടിയിലെ കിരാതന്‍കാവും അവിടുത്തെ ശിവക്ഷേത്രവും വെട്ടിയാറ്റെ മുസ്ളീം പള്ളിയും അറന്തറ്റിമംഗലത്തെ മൂലേല്‍ പള്ളിയും എല്ലാം ഈ പ്രദേശത്തിന്റെ നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിന്റെയും സംസ്ക്കാരത്തിന്റെയും സാമൂഹ്യ പശ്ചാത്തലത്തിന്റെയും പ്രതീകങ്ങളായി ഇന്നും നിലനില്‍ക്കുന്നു. കടമുറ്റത്ത് കത്തനാരുടെ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന പുഞ്ചമണ്‍മഠവും തലേക്കാവില്‍ ക്ഷേത്രവും വൈനുംമൂടിനു പടിഞ്ഞാറുവശമുള്ള കൊച്ചു പളളിയും ഇന്നത്തെ അഗ്രികള്‍ച്ചര്‍ ഫാമിന്റെ മതില്‍ക്കെട്ടിനകത്ത് പ്രത്യേകമായി സൂക്ഷിക്കുന്ന കല്ലിരിക്കും പളളിയും എല്ലാം ഈ പ്രദേശത്തിന്റെ നൂറ്റാണ്ടുകളുടെ കഥപറയുന്ന സ്മാരകങ്ങളാണ്. കഥകളി പ്രസ്ഥാനം ഉടലെടുത്ത കാലത്ത് കഥകളിപ്പാട്ടിന് ലോകമെമ്പാടും പ്രസിദ്ധി നേടുവാന്‍ കഴിഞ്ഞ കഥകളിപ്പാട്ടിന്റെ വ്യക്താക്കളും പ്രോക്താക്കളുമായിരുന്ന ഇറവങ്കര ഉണ്ണിത്താന്മാര്‍ ജീവിച്ചിരുന്നത് ഈ പഞ്ചായത്ത് പ്രദേശമാണ്. മലയാളനോവല്‍ സാഹിത്യത്തിന് അരനാഴികനേരവും പണിതീരാത്തവീടും നിണമണിഞ്ഞ കാല്‍പ്പാടുകളും സംഭാവന ചെയ്ത പാറപ്പുറവും ഈ പഞ്ചായത്തിന്റെ അഭിമാന സ്തംഭങ്ങളാണ്.