വികസന കാഴ്ചപ്പാട്
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്ക് പരിധിയില്‍ വരുന്ന തഴക്കര ബ്ളോക്കിലെ വെട്ടിയാര്‍ വില്ലേജ് ഉള്‍പ്പെടുന്ന ഒരു പഞ്ചായത്താണ് തഴക്കര ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 25.26 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് അച്ചന്‍കോവിലാറും, പടിഞ്ഞാറ് മാവേലിക്കര മുനിസിപ്പാലിറ്റിയും, തെക്ക് മാവേലിക്കര തെക്കേക്കര, ചുനക്കര പഞ്ചായത്തുകളും, കിഴക്ക് നൂറനാട് പഞ്ചായത്തുകളും സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിലെ വാര്‍ഡുകളുടെ എണ്ണം 22 ആണ്. മനുഷ്യാദ്ധ്വാനത്തിന്റെയും സംഘം ചേരലിന്റെയും പാരമ്പര്യമാണ് വെട്ടിയാറിനുള്ളത്. ഇടപ്പളളി സ്വരൂപം ഈ പ്രദേശമാകെ വാണരുളിയ കാലത്ത് സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും കലാപരമായും മുന്നില്‍ നിന്ന പ്രദേശമെന്ന നിലയില്‍ തലക്കരയായി കണ്ടിരുന്ന പ്രദേശമാണ് പിന്നീട് തഴക്കരയായത്. ചേരമാന്‍ പെരുമാളിന്റെ കാലത്ത് കരകൌശലത്തൊഴിലുമായി ബന്ധപ്പെട്ട് ഒരു സംഘമാളുകള്‍ ഈ പ്രദേശത്ത് വന്ന് താമസം ഉറപ്പിച്ചിരുന്നുവെന്നും കൈത ഓലകള്‍ ഉണക്കി മനോഹരമായ അലങ്കാര വസ്തുക്കള്‍ നെയ്ത് ഉണ്ടാക്കി ചേരമാന്‍ പെരുമാളിന്റെ നാട്ടില്‍ കൊണ്ടുപോയിരുന്നുവെന്നും ചരിത്രം രേഖപ്പെടുത്തുന്നു. അന്ന് ഈ പ്രദേശമാകെ കൈത പ്രത്യേകമായി നട്ടുവളര്‍ത്തിയിരുന്നുവെന്നും ഉണങ്ങിയ കൈത ഓലയെ തഴയെന്നാണ് പറഞ്ഞിരുന്നതെന്നും ആ കാലം മുതലാണ് ഈ പ്രദേശത്തെ തഴക്കരയെന്ന് വിളക്കുന്നതെന്നും പറയപ്പെടുന്നു.